1500 കോടിയുടെ വീട്, 22 നില പാർപ്പിട സമുച്ചയം: വലംകയ്യായ മനോജിന് അംബാനിയുടെ സമ്മാനം

മുംബൈ ∙ വിശ്വസ്ത ഉദ്യോഗസ്ഥനു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 1500 കോടി മൂല്യമുള്ള 22 നില പാർപ്പിടസമുച്ചയം സമ്മാനമായി നൽകിയെന്നു റിപ്പോർട്ട്. റിലയൻസിന് ആയിരക്കണക്കിനു കോടികൾ നേടിക്കൊടുത്ത ഒട്ടേറെ ഇടപാടുകളിലെ ബുദ്ധികേന്ദ്രവും മുകേഷിന്റെ വലംകയ്യുമായി അറിയപ്പെടുന്ന മനോജ് മോദിക്കാണു സമ്മാനം.

ദക്ഷിണ മുംബൈയിൽ ധനാഢ്യരുടെ താമസമേഖലയായ നേപ്പിയൻസി റോഡിൽ നിർമിച്ച 1.7 ലക്ഷം ചതുരശ്രയടി വലുപ്പമുള്ളതാണു കെട്ടിടം. മുംബൈ സർവകലാശാലയിൽ കെമിക്കൽ ടെക്നോളജി പഠനകാലത്തു മുകേഷിന്റെ സഹപാഠിയായിരുന്ന മനോജ് 1980കളിലാണു റിലയൻസിൽ ചേർന്നത്. നിലവിൽ റിലയൻസ് റീട്ടെയ്ൽ, ജിയോ എന്നിവയുടെ ഡയറക്ടറാണ്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ എന്നിവർക്കു ബിസിനസിൽ പിൻബലം നൽകുന്നതും മനോജ് മോദിയാണ്.