ലിംഗായത്ത് സമുദായത്തെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചു കോണ്‍ഗ്രസ്‌ നേതാവ് സിദ്ധരാമയ്യക്കെതിരെ മാനനഷ്ടക്കേസ്

ബെംഗളൂരു : കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസില്‍ കുടുങ്ങി കര്‍ണാടക കോണ്‍ഗ്രസ്‌ നേതാവ് സിദ്ധരാമയ്യ. ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്.

ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് സിദ്ധരാമയ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി ലിംഗായത്ത് യുവ വേദികെ ലീഗൽ സെൽ അവകാശപ്പെട്ടു.

മെയ് 10ന് നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ലിംഗായത്ത് മുഖ്യമന്ത്രിമാർ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്ന പ്രസ്താവന വിവാദമായതോടെയാണ് കേസിൽ കുരുങ്ങിയത്. നിലവിലെ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറ്റുള്ളവരെക്കുറിച്ച് പ്രതികരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്‍റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യ എത്തി.

“താന്‍ അഭിപ്രായപ്പെട്ടത് ബസവരാജ് ബൊമ്മൈയെ ഉദ്ദശിച്ചാണ്. ബസവരാജ് ബൊമ്മൈ മാത്രം അഴിമതിക്കാരനാണ്. ലിംഗായത്തുകൾ അഴിമതിക്കാരാണെന്ന് താൻ പറഞ്ഞിട്ടില്ല. അതിനാൽ, ഇത്തരമൊരു സ്വീപ്പിംഗ് റിപ്പോർട്ട് ഉണ്ടാക്കുന്നത് അനുചിതമാണ്. വളരെ സത്യസന്ധരായ ലിംഗായത്ത് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. എസ്.നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽ തുടങ്ങിയവർ വളരെ സത്യസന്ധരായ മുഖ്യമന്ത്രിമാരായിരുന്നതിനാൽ എനിക്ക് വളരെ ബഹുമാനമുണ്ട്. എന്‍റെ അഭിപ്രായങ്ങൾ ബിജെപി വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു” സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യയുടെ പരാമര്‍ശം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ലക്ഷ്യം വച്ചുള്ളതാണെന്നും മറ്റ് ലിംഗായത്ത് മുഖ്യമന്ത്രിമാരെ ഉദ്ദേശിച്ചുള്ളതല്ല എന്നും സിദ്ധരാമയ്യയെ പിന്തുണച്ച് മുന്‍ ബിജെപി നേതാവും ഹുബ്ലി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയുമായ ജഗദീഷ് ഷെട്ടര്‍ വ്യക്തമാക്കി.ലിംഗായത്ത് മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന പരാമർശം കർണാടകയ്ക്ക് അപമാനമാണെന്നും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.