ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അന്നേ ദിവസം രാവിലെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി പുതിയ വീടിന്റെ മുറ്റം കടന്നെത്താൻ ഞാൻ ഉണ്ടാകും

കണ്ണൂര്‍: “ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അന്നേ ദിവസം രാവിലെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി പുതിയ വീടിന്റെ മുറ്റം കടന്നെത്താൻ ഞാൻ ഉണ്ടാകും.കരിങ്കല്ലാണോ താങ്കളുടെ മനസ്സ്?” കണ്ണൂര്‍ വിജിലന്‍സ് ഡിവൈ എസ് പി ബാബു പെരിങ്ങേത്തിന്റെ കുറിപ്പ് വൈറലാകുന്നു.

പാവപ്പെട്ട ആദിവാസി യുവാവിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവെ ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടിആര്‍ഡിഎം) മാനേജര്‍ സലീം താഴെ കോറോത് കഴിഞ്ഞ ദിവസമാണ് വിജിലൻസിന്റെ പിടിയിലായത്.

ഡിവൈ എസ് പി  ബാബു പെരിങ്ങേത്തിന്റെ കുറിപ്പ്….

ഈ വീടിന് എന്റെ ഫേസ്ബുക്കിൽ എന്താണ് കാര്യം..?
കാര്യമുണ്ട്. ST വിഭാഗത്തിൽ പെട്ട ഈ വീട്ടുകാരനോട് കഴിഞ്ഞ ദിവസം പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് ശാസ്ത്രീയ പരീക്ഷണങ്ങൾക്കും മറ്റ് നടപടികൾക്കും ശേഷം ഒരു സർക്കാർ ഉദ്യോഗസ്ഥനെ (TRDM സൈറ്റ് മാനേജർ ) ഞങ്ങൾ അറസ്റ്റ് ചെയ്ത് കൈക്കൂലിപ്പണം കണ്ടെടുത്ത് ജയിലിൽ അടച്ചത്.കർണാടക വനത്തോട് ചേർന്ന ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ആറാട്ടുകടവ് സ്വദേശിയാണ് കൂലിപ്പണിക്കാരനായ ആ ചെറുപ്പക്കാരൻ. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഈ വീട്ടിൽ ആണ്.

ആന അടക്കമുള്ള വന്യജീവികൾ സ്വൈര്യവിഹാരം നടത്തുന്ന പ്രദേശമാണ് ഇത്‌.ദൈനം ദിന ജീവിതത്തിനു മുകളിൽ ഭയം കോടമഞ്ഞുപോലെ പുതഞ്ഞുകിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ് ഇവിടെ.മുമ്പ് കുറേ കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും പലരും ഇവിടം വിട്ടുപോയി.11 കുടുംബങ്ങളാണ് ഇപ്പോൾ ഈ വിദൂര ഗ്രാമത്തിൽ ഉള്ളത്.
8 കുടുംബങ്ങൾക്ക് ഭവനനിർമ്മാണത്തിനു ധനസഹായത്തിന് ഉത്തരവായിട്ടും ആർക്കും അത് ഇതുവരെ ലഭ്യമായിട്ടില്ല.പല തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും കാര്യങ്ങൾ ഇതുവരെ കരയ്ക്ക് എത്തിയിട്ടില്ല.

ഈ സ്ഥലത്തെ മറ്റ് വീടുകളുടെ ചിത്രങ്ങളും എന്റെ കൈവശം ഉണ്ട്. അതെല്ലാം ഇവിടെ പ്രദർശിപ്പിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. ആ ചിത്രങ്ങൾ കണ്ടാൽ ഇപ്പോൾ നിങ്ങൾ കാണുന്ന ഈ വീട് ഒരു കൊട്ടാരം തന്നെയാണെന്ന് നിങ്ങൾക്ക് തോന്നിപ്പോകും.പാവപ്പെട്ട ഒരു മനുഷ്യനും അയാളുടെ സ്വന്തം വീടിനും ഇടയിൽ നടന്നു തീർക്കാൻ കാതങ്ങളോളം ദൂരമുണ്ട്. സ്വപ്നങ്ങളിൽ നിന്നും യഥാർഥ്യത്തിലേക്ക് ആ വീടിനെ പറിച്ചു നടാൻ എന്തെല്ലാം കഷ്ടപ്പാടുകൾ മുറിച്ചു കടക്കണം.

ഈ വരുന്ന മഴക്കാലത്തിനു മുമ്പ് അടച്ചുറപ്പുള്ള ഒരു വീട്ടിലേക്ക് മാറാനുള്ള ഏറ്റവും സാധാരണമായ ഒരു ആഗ്രഹത്തിന് തടസ്സം നിൽക്കുന്നത് ആരാണ്..? എന്തിനാണ്..?
ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ ഗവണ്മെന്റ് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടും ലക്ഷ്യം അകന്നു നിൽക്കുന്നത് എന്തുകൊണ്ടാണ്..?
ജനാധിപത്യ ഭരണക്രമത്തിൽ ചോദ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. ചോദ്യങ്ങൾ ചോദിക്കുന്നവർ തന്നെ ചിലപ്പോൾ ഉത്തരങ്ങൾ കണ്ടപിടിക്കേണ്ടിവരും.No photo description available.

നിരാശയുടെ അങ്ങേയറ്റത്തുനിന്നാണ് ആ ചെറുപ്പക്കാരൻ വിജിലൻസിന്റെ പടികൾ കയറി വന്നത്. ആസ്വസ്ഥനായിരുന്നു അയാൾ.. “അവസാനത്തെ ആശ്രയമാണ് വിജിലൻസ്..” എന്ന് ചിലമ്പിച്ച സ്വരത്തിൽ അയാൾ പറഞ്ഞത് നിലത്തു നോക്കിയാണ്.
അയാളുടെ കണ്ണിൽ നിന്നും ഊർന്നുവീണ കണ്ണുനീർ നിലം പൊള്ളിച്ചിട്ടുണ്ടാവണം…
എല്ലാ നീതിയും അവസാനിക്കുന്നു എന്ന തോന്നലിന് ഒടുവിലാണ് തുറക്കാൻ പാടില്ലാത്ത ചില വാതിലുകൾ തുറക്കപ്പെടുന്നത് എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്..
എന്നിട്ടും…
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിളയ്ക്കുന്ന വെയിലിൽ നിറുത്തിക്കൊണ്ടല്ല ഈ കുറിപ്പ് എഴുതുന്നത്.ഈ വീടും പരിസരത്തെ വീടുകളും ഔദ്യോഗികമായി പല തവണ സന്ദർശിച്ച ഈ ഉദ്യോഗസ്ഥനെക്കുറിച്ച് എഴുതേണ്ട ഭാഷ ഇതല്ലെന്ന് എനിക്ക് നന്നായി അറിയാം..
നിയമം നടപ്പിലാക്കുമ്പോഴും, അല്പസമയം നിയമത്തിന്റെ വഴികളിൽ നിന്നും മാറി നിന്ന് ഞാൻ ചോദിക്കുന്നു-” കരിങ്കല്ലാണോ താങ്കളുടെ മനസ്സ്..? ”
ഈ കാലവും കടന്നു പോകും.. എല്ലാ പ്രതിസന്ധികളും തുഴഞ്ഞു കയറി ഒരു നാൾ ഈ ചെറുപ്പക്കാരൻ അവന്റെ സ്വന്തം വീട് പണിതുയർത്തും..

വീട് കുടിയലിന് പാൽക്കുടത്തിൽ നിന്നും പതഞ്ഞു മറിയുന്ന സന്തോഷത്തിൽ പങ്കു ചേരാൻ അവൻ ഞങ്ങളെ വിളിക്കുമായിരിക്കും.. ഒരു പക്ഷെ ക്ഷണിക്കാൻ വിട്ടുപോയാലും ഈ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അന്നേ ദിവസം രാവിലെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി പുതിയ വീടിന്റെ മുറ്റം കടന്നെത്താൻ ഞാൻ ഉണ്ടാകും..