ഹൃദയം തകർന്നു സൈബല്ലയും മരീറ്റയും സുഡാനിൽനിന്ന് കൊച്ചിയിലെത്തി

കൊച്ചി∙ ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തിൽ തിരിച്ചെത്തി. ഇന്നു രാവിലെ പത്തു മണിയോടെയാണ് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു. മരിച്ച ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചതായി ഒഴിപ്പിക്കൽ നടപടികൾക്കു നേതൃത്വം നൽകി ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. വെടിയേറ്റു മരിച്ച ഫ്ലാറ്റിൽനിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടർന്ന് സൈബല്ല സര്‍ക്കാരിന്‍റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്. ‘ഓപ്പറേഷൻ കാവേരി’യുടെ ഭാഗമായി സുഡാനിൽനിന്ന് ഒഴിപ്പിച്ച 360 അംഗ സംഘം ഇന്ത്യയിലെത്തിയിരുന്നു. ഇതിൽ 19 പേർ മലയാളികളാണ്. ഡൽഹിയിലെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്നു രാവിലെ നെടുമ്പാശേരിയിലെത്തി. വിമുക്തഭടനായ ആൽബർട്ട് അഗസ്റ്റിൻ (48) ആറു മാസമായി ഒരു കമ്പനിയുടെ സെക്യൂരിറ്റി മാനേജരായി സുഡാനിൽ ജോലി ചെയ്തുവരികയായിരുന്നു. ആൽബർട്ടിന് താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലിലൂടെയാണു വെടിയേറ്റത്. അതിനു രണ്ടാഴ്ച മുൻപ് സുഡാനിലെത്തിയ ഭാര്യ സൈബല്ലയും മകൾ മരീറ്റയുമൊത്തു നാട്ടിലേക്കു മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. മകൻ ഓസ്റ്റിൻ കാനഡയിലാണ്.