താര രാജാക്കന്മാരുടെ അകമ്പടിയില്ലാതെ കണ്ണമ്പറമ്പ് ഖബറിസ്ഥാനിലേയ്ക്ക്

കോഴിക്കോട്: മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത പ്രിയതാരം മാമുക്കോയയുടെ ഖബറടക്കം കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ നടന്നു. കോഴിക്കോട് ടൗണ്‍ ഹാളിലും വീട്ടിലുമായി പതിനായിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവാസനമായി കാണാന്‍ എത്തിയത്.

ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിച്ച ദു:ഖത്തില്‍ നിന്ന് മലയാള സിനിമ മുക്തമാകും മുമ്പായിരുന്നു മാമുക്കോയയുടെ മരണം.മലയാളികൾക്ക് പ്രിയപ്പെട്ട മാമുക്കോയ സിനിമയിൽ എല്ലാവരുമായും ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിട്ടും മാമുക്കോയയെ അവസാനമായി ഒന്ന് കാണാന്‍ താര രാജാക്കന്മാരാരും എത്തിയില്ല എന്നതാണ് വാസ്തവം.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.മലബാറുകാരന്‍ ആയതുകൊണ്ടാണോ മാമുക്കോയയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ എത്താതിരുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഇന്നസെന്റിന്റെ മരണത്തിനു മലയാള സിനിമാലോകം മുഴുവനും കൊച്ചിയിലും ഇരിഞ്ഞാലക്കുടയിലും ആയി എത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ നിന്ന് വിമാനം ചാര്‍ട്ട് ചെയ്ത് മോഹന്‍ലാല്‍ പറന്നെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കരഞ്ഞ സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകരേയും അന്ന് ലോകം കണ്ടു.

മമ്മൂട്ടി, മോഹന്‍ലാൽ , സുരേഷ് ഗോപി, ദിലീപ്,കുരുതിയിൽ മാമുക്കോയയുടെ കഥാപാത്രത്തെ പ്രശംസിച്ച പൃഥ്വിരാജ് ആരും മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. താരതാജാക്കൻമാർ എത്തിയില്ലെങ്കിലും സാധാരണക്കാ‍ർ ഒഴുകിയെത്തിയല്ലോ എന്നാണ് മറ്റ് ചിലർ ആശ്വസിക്കുന്നത്.താരസംഘടനയായ എഎംഎംഎയ്ക്ക് വേണ്ടി ഇടവേള ബാബു അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പിച്ചു,നടന്‍മാരായ ജോജു ജോര്‍ജ്ജും ഇര്‍ഷാദും ആര്യാടന്‍ ഷൗക്കത്തും എത്തിയിരുന്നു.

ആരേയും അന്ധമായി പിന്തുണയ്ക്കുകയോ അവരുടെ ആളായി നില്‍ക്കുകയോ ചെയ്തിരുന്നില്ല എന്നതാകാം മാമുക്കോയ ചെയ്ത തെറ്റ്.