ഇടുക്കി: പുലർച്ചെ നാല് മണിയോടെയാരംഭിച്ച് 12 മണി വരെ നീണ്ട അരിക്കൊമ്പൻ ദൗത്യം വെയിൽ ശക്തമായതോടെ താൽക്കാലികമായി അവസാനിപ്പിച്ചു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിലെ അക്രമകാരനായ അരിക്കൊമ്പനെ പിടികൂടി സ്ഥലം മാറ്റാനുള്ള ദൗത്യത്തിനുള്ള സംഘത്തിലുള്ളത്.
അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് നിശ്ചയിച്ച ചിന്നക്കനാലിൽ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് സംശയം. അരിക്കൊമ്പനെ കണ്ടെത്തിയാൽ സാഹചര്യങ്ങൾ പരിശോധിച്ച് തുടർ നീക്കങ്ങൾ ഉണ്ടാകും.