സർക്കാരും ജുഡീഷ്യറിയും തമ്മിൽ ഒരു തർക്കം വേണ്ട, സ്വവർ​ഗ വിവാഹം ജനങ്ങൾ തീരുമാനമെടുക്കട്ടെ.കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി : സ്വവർ​ഗ വിവാഹത്തിൽ തീർപ്പു കൽപിക്കേണ്ടത് കോടതിയല്ല,ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. സർക്കാരും ജുഡീഷ്യറിയും തമ്മിൽ ഒരു തർക്കമുണ്ടാകാൻ താൻ ആ​ഗ്രഹിക്കുന്നില്ല. സ്വവർഗ വിവാഹം സംബന്ധിക്കുന്ന ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജു.

“ഇത് ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണ്. ജനങ്ങളുടെ ആ​ഗ്രഹമാണ് ഇവിടെ പരി​ഗണിക്കേണ്ടത്. അവരുടെ താല്പര്യങ്ങളാണ് പാർലമെന്റിലും നിയമസഭയിലുമൊക്കെ പ്രതിഫലിക്കുന്നത്. സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനിച്ചാൽ എനിക്ക് അത് എതിർക്കാൻ കഴിയില്ല. അവർക്കെതിരെ ഏതെങ്കിലും പ്രതികൂലമായ അഭിപ്രായങ്ങൾ പറയാനും സാധിക്കില്ല. ജനങ്ങൾക്ക് ആവശ്യമില്ലെങ്കിൽ അവരുടെ മേൽ അത് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.

ചില നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്. ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് നിയമങ്ങൾ രൂപീകരിക്കാൻ കഴിയും. നിലവിലുള്ള നിയമത്തിലെ എന്തെങ്കിലും പോരായ്മ പരിഹരിക്കണമെന്ന് തോന്നിയാൽ, ചില വ്യവസ്ഥകളോടെ കോടതിക്ക് അതും ചെയ്യാം. എന്നാൽ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ട ഫോറം സുപ്രീംകോടതിയല്ല. സ്വവർഗ വിവാഹം പോലുള്ള അത്യന്തം സെൻസിറ്റീവും സുപ്രധാനവുമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്.” കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വവർഗ പങ്കാളികളാണ് ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.