സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് കോതനല്ലൂരിൽ കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി ആതിര ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്.മുൻ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു.ആതിരയ്ക്ക് ഇരുപത്തിയാറ് വയസായിരുന്നു.

ആതിരയും അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു.ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ആതിരയ്‌ക്കെതിരെ അരുൺ സൈബർ ആക്രമണം നടത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങൾ അരുൺ പുറത്ത് വിട്ടു. അരുണിനെതിരെ ആതിര പോലീസിനെ സമീപിച്ചിരുന്നു.

ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചിരുന്നു.സംഭവത്തിൽ മനംനൊന്ത് ഞായറാഴ്ച്ച രാവിലെയാണ് ആതിരയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.