ഉൾക്കാട്ടിലേക്ക് പോകുമെന്ന് കരുതിയവർക്ക് തെറ്റി. അരിക്കൊമ്പൻ തിരിച്ചെത്തി

കുമളി: ഉൾക്കാട്ടിലേക്ക് പോകുമെന്ന് കരുതിയവർക്ക് തെറ്റി. ഇറക്കിവിട്ട സ്ഥലത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങിവരുമെന്ന് വനംവകുപ്പ് പ്രതീക്ഷിച്ചതല്ല.മേദകാനം ഭാഗത്തേക്കാണ് അരിക്കൊമ്പന്റെ വരും യാത്രകളെന്നാണ് സൂചന. പെരിയാര്‍ വന്യജീവി സങ്കേതത്തിനു സമീപം മുല്ലക്കുടി ഭാഗത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.

അരിക്കൊമ്പന്‍റെ ജി.പി.എസ് കോളറില്‍നിന്ന് ഇന്നലെ സിഗ്നല്‍ ലഭിച്ചിരുന്നില്ല. വനം വകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കാരണം പറഞ്ഞത്.

ഉച്ചക്ക് ശേഷമാണ് സിഗ്നൽ ലഭിച്ചത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിലാണ് വിഎച്ച്എഫ് ആൻറിനയുടെ സഹായത്തോടെ അരിക്കൊമ്പനെ കണ്ടെത്തിയത്.പത്തോളം സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. അതിർത്തി വനമേഖലയിലൂടെ സഞ്ചരിച്ചതായാണ് സിഗ്നലിൽ നിന്നുള്ള വിവരം.തമിഴ്‌നാട് അതിർത്തിയിലുള്ള മുല്ലക്കുടിയിൽ ഇന്നലെ മുതൽ അരിക്കൊമ്പൻ തമ്പടിച്ചിട്ടുണ്ട്.

റേഡിയോ കോളറിലെ ഉപഗ്രഹ സിഗ്നൽ പരിശോധിച്ചും, വിഎച്ച്എഫ് ആൻറിന വഴിയും ഒപ്പം വനപാലകരുടെ ഒരു സംഘവും അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഉണ്ടായിട്ടും, ആന റേഞ്ചിന് പുറത്താകുന്നത് വനംവകുപ്പിനെ പോലും വലയ്ക്കുന്നുണ്ട്.