മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്

മലപ്പുറം : മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചതാണ് താനൂരിലെ അപകടത്തിനു കാരണമെന്ന് ആരോപണം. മീൻപിടുത്ത ബോട്ട് രൂപമാറ്റം വരുത്തി വിനോദയാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. പൊന്നാനിയിലെ യാ‍ർഡിൽ വെച്ചാണ് മീൻപിടുത്ത ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് നാട്ടുകാ‍ർ ആരോപിക്കുന്നു.

ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽപെട്ട ബോട്ടിന്റെ രിജിസ്ട്രേഷൻ നടപടികൾ പൂ‍ർത്തിയായിരുന്നില്ല. അതിനു മുമ്പാണ് ബോട്ട് സ‍ർവീസിനിറക്കിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

നാലുപേരുടെ നില ഗുരുതരമാണ്. ബോട്ടിലുണ്ടായിരുന്ന 37 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന സംശയത്തെ തുട‍ർന്ന് തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ പെട്ട ബോട്ടിന്റെ അടിവശം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന്റേതുപോലെയായിരുന്നു. പരിധിയിൽ കൂടുതൽ ആളുകൾ കയറിയാൽ ഒരു വശത്തേക്ക് ചരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

ബോട്ട് ഉടമ നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.ദീർഘകാലം വിദേശത്തായിരുന്ന നാസർ നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചത്.ഇന്നലെ രാത്രി ഏഴോടെയാണ് താനൂരിൽ ബോട്ടപകടം ഉണ്ടായത്. എൻഡിആർഎഫും നേവിയും സ്ഥലത്ത് തെരച്ചിൽ നടത്തി.ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.