വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഓരോരുത്തരെ ആയി ഓരോ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കുന്ന കാഴ്ച നോക്കി നിർവികാരനായി തറയിലിരുന്നു സൈദലവി

താനൂർ : ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന ഭാര്യയുടെ ടെലിഫോൺ കാളാണ് അവസാനമായി സൈദലവിയെ തേടിയെത്തിയത്. ഉറ്റവരെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴേക്കും അവരെല്ലാം സൈദലവിയെ വിട്ടു പോയിരുന്നു.ജീവന് തുല്യം സ്നേഹിച്ച മകളുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുന്ന കാഴ്ചയാണ് സൈദലവി ആദ്യം കാണുന്നത്.

പൊട്ടിപ്പൊളിഞ്ഞ വീട്ടിലായിരുന്നു സൈദലവിയും കുടുംബവും താമസിച്ചിരുന്നത്.പുതിയ വീടിന്റെ പണി തുടങ്ങാനിരിക്കുകയായിരുന്നു.വീടിനായി തറയും ഇട്ടിരുന്നു.വീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ നിന്ന് ചില പ്രശ്നങ്ങൾ സൈദലവിയ്ക്കുണ്ടായിരുന്നു.

പുതിയ വീടിനു വേണ്ടി ശ്രമിക്കുമ്പോഴും ആ പുതിയ വീട്ടിലേയ്ക്ക് കയറാൻ ഇനി താൻ മാത്രമേയുണ്ടാകൂയെന്ന് ഒരിക്കലും സൈദലവി അറിഞ്ഞിരുന്നില്ല.അപ്പോഴാണ് ഈ അപ്രതീക്ഷിത ദുരന്തം സൈദലവിയെ തേടിയെത്തിയത്.അവധി ആഘോഷിക്കാൻ ഒത്തുചേർന്ന കുടുംബത്തിലെ പതിനൊന്ന്‌ പേരാണ് ഒരുമിച്ചു പോയത്. പൊട്ടിപ്പൊളിഞ്ഞു വീഴാറായ ആ വീടിനു മുന്നിലേയ്ക്ക് പതിനൊന്ന് ആംബുലൻസ് വന്നു നിൽക്കുന്ന കാഴ്ച കണ്ട് ഹൃദയം നുറുങ്ങുന്ന വേദനയോടെ സൈദലവി ആ തറയിലിരുന്നു.

വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഓരോരുത്തരെ ആയി ഓരോ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കി പുതിയ വീടിനായി കെട്ടിയ തറയിൽ കിടത്തുന്ന കാഴ്ച നോക്കികൊണ്ട് നിർവികാരനായി സൈദലവി അവിടിരുന്നു.