മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പോലീസ് പിടിയിലായി.അപകടം നടന്നതിന് പിന്നാലെ നീന്തി രക്ഷപ്പെട്ട ദിനേശൻ പിന്നീട് ഒളിവിൽ പോകുകയായിരുന്നു.ഒളിവിൽ കഴിയുന്ന മറ്റൊരു ബോട്ട് ജീവനക്കാരനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഒളിത്താവളം കണ്ടെത്തിയതായും സൂചനയുണ്ട്.
ബോട്ട് ഡ്രൈവർ ദിനേശൻ താനൂരിൽ നിന്ന് തന്നെയാണ് പിടിയിലായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ച താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലായവരുടെ എണ്ണം 5 ആയി.
കാസർകോട് നിന്ന് പിടിയിലായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത നാസറിനെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബോട്ടുടമയെ ഹാജരാക്കിയ കോടതിക്ക് മുന്നിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമാണുണ്ടായത്.
താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം ഇന്ന് മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്ത കമ്മീഷൻ മലപ്പുറം ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവരോട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്