ഡോക്ടര്‍മാര്‍ പങ്കുവച്ച വിവരം എങ്ങനെയാണ് മന്ത്രിയുടെ വാക്കുകളായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നത്

തിരുവനന്തപുരം : ഡോക്ടര്‍മാര്‍ പങ്കുവച്ച വിവരം എങ്ങനെയാണ് മന്ത്രിയുടെ വാക്കുകളായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നത്?. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണത്തെ ചൊല്ലി രൂക്ഷമായ സൈബര്‍ ആക്രമണവും സോഷ്യല്‍ മീഡിയയിൽ വലിയ വിമര്‍ശനവുമാണ് ഉയരുന്നത്.

സംഭവം നടന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പങ്കുവച്ച വിവരമാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി പറഞ്ഞത് എന്താണെന്ന് പൂര്‍ണമായും കേള്‍ക്കാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. “കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജന്‍ ആണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍ അറിയിച്ചത്” അവിടെയുള്ള ഡോക്ടര്‍മാര്‍ പങ്കുവച്ചതാണ് ഈ വിവരം എന്നത് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്.

“ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന സംഭവം ആണ് നടന്നത്.ഒരുതരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല കൊട്ടാരക്കരയില്‍ നടന്നത്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. പ്രതിയുടെ കൂടെ പോലീസുകാര്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.വനിത ഡോക്ടര്‍, ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് അക്രമി ആക്രമിച്ചത്. രാത്രികളില്‍ ലഹരിയ്ക്ക് അടിമകളായി എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്ന കാര്യത്തില്‍ കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കും.ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നു.” ഇതും വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞതാണ്.

ബുധനാഴ്ച പുലർച്ചെ ആയിരുന്നു പരിക്കേറ്റ നിലയിൽ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു . വൈദ്യസഹായം നൽകുന്നതിനിടെ ഇയാൾ അക്രമാസക്തനായി.ആക്രമണം നടക്കുമ്പോൾ ഒരു പോലീസുകാരൻ മാത്രമായിരുന്നു ഒപ്പമുണ്ടായത്. ഉടനടി മറ്റ് പോലീസുകാരും മുറിയിലേക്ക് ഓടിയെത്തി. ഇതിനിടെ വന്ദന ഒറ്റപ്പെടുകയും ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. ഉടൻ സന്ദീപിനെ കീഴ്പ്പെടുത്തിയെങ്കിലും ഡോ. വന്ദനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തര ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

എങ്ങിനെയാണ് ഡോക്ടറന്മാർ പങ്ക് വെച്ച വാക്കുകൾ മന്ത്രിയുടേതായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നതും മാധ്യമങ്ങള്‍ ഇതൊരു വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്നതും? എന്നത് അന്വേഷിക്കേണ്ട കാര്യമാണ്‌.