തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെ കാണാനെത്തിയ മാതാവ് കണ്ടത് തന്റെ ഓമന മകൾ മരിച്ചു കിടക്കുന്നതാണ്.
കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു. പെൺകുട്ടിയ്ക്ക് 17 വയസ്സായിരുന്നു.
ആദ്യം കുട്ടിയെ കാണാൻ മാതാവിനെ അനുവദിച്ചില്ലെന്നും അധികൃതരെ വിളിച്ചു സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനിവദിച്ചതെന്നും അപ്പോൾ കുട്ടി വീണു കിടക്കുന്ന നിലയിലായിരുന്നു എന്നും ബന്ധുക്കളെ മാതാവ് അറിയിച്ചു.അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് അസുഖമാണെന്ന് പറഞ്ഞതനുസരിച്ചാണ് കുട്ടിയെ കാണാൻ മാതാവ് ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ശനിയാഴ്ച എത്തിയത്.
കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്. പെൺകുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോകാത്തതു മാതാവിനോടൊപ്പം ആരും ആശുപത്രിയിൽ പോകാത്തതും സംശയം വർദ്ദിപ്പിക്കുന്നു. ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു