മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി

ന്യൂഡൽഹി: നാല് ദിവസങ്ങൾ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സമവായത്തിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് തീരുമാനമായി.മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.

സത്യപ്രതിജ്ഞ ചടങ്ങുകൾ മെയ് 20 ശനിയാഴ്ച നടക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനം ഇരുവിഭാഗവും സമവായത്തിലൂടെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച രാത്രിയോടെയാണ് കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് മല്ലികാർജുൻ ഖാർഗെ എത്തിയത്. കോൺഗ്രസിന്‍റെ നിയമസഭ കക്ഷി യോഗം നടത്താൻ കേന്ദ്ര നിരീക്ഷകരോട് ഇന്ന് ബെംഗളൂരുവിൽ എത്തിച്ചേരാൻ എഐസിസി നിർദേശം നൽകി.

വൈകീട്ട് ഏഴ് മണിക്ക് ബെംഗളൂരുവിൽ ചേരുന്ന കോൺഗ്രസ് നിയമസഭകക്ഷി യോഗത്തിൽ കക്ഷി നേതാവായി സിദ്ധരാമയ്യയെ തീരുമാനിക്കും.കുരുബ ഗൗഡ വിഭാത്തിൽ നിന്നുള്ള കരുത്തനായ നേതാവായ സിദ്ധരാമയ്യ 1947 ഓഗസ്റ്റ് മൂന്നിന് വരുണയിലാണ് ജനിച്ചത് . 1978 മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായി.983ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ഭാരതീയ ലോക് ദൾ സ്ഥാനാർഥിയായി വിജയിച്ച സിദ്ധരാമയ്യ പിന്നീട് ജനത പാർട്ടിയിലേക്ക് മാറി.

1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയിൽ അംഗമായി. 1992ൽ ജനതാദളിൽ സെക്രട്ടറി ജനറൽ. 1996ൽ ജെഎച്ച് പട്ടേൽ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രി. ദേവഗൗഡ ജെഡിഎസ് രൂപീകരിച്ചപ്പോൾ ജനതാദൾ വിട്ട സിദ്ധരാമയ്യ 2005ൽ കോൺഗ്രസിൽ ചേർന്നു. 2013ൽ 122 സീറ്റുകളുമായി കോൺഗ്രസ് കർണാടക മുഖ്യമന്ത്രിയായി.