എസ്എസ്എൽസി ഫല പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്

തിരുവനന്തപുരം: പരീക്ഷ ബോർഡ് ചേർന്ന് ഫല പ്രഖ്യാപനത്തിന് അംഗീകാരം നൽകിയതോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ടിഎച്ച്എസ്എൽസി, ഹീയറിംഗ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്എസ്എൽസി പരീക്ഷാ ഫലത്തോടൊപ്പമുണ്ടാകും.

പി ആർ ചേംബറിലാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടക്കുന്നത്. 4,19,362 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. ഒന്നേകാൽ മാസത്തോളം നീണ്ട 70 ക്യാമ്പുകളിൽ പങ്കെടുത്ത 9762 അധ്യാപകരാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

കോവിഡ് കാലമായിരുന്നതിനാൽ വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. 99.26 ആയിരുന്നു വിജയം ശതമാനം.ഗ്രേയ്സ് മാർക്ക് ഉൾപ്പെടെയുള്ള ഫലം പ്രഖ്യാപിക്കുന്നത് കൊണ്ട് ഇക്കുറി വിജയ ശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ പരീക്ഷ പൂർത്തിയാക്കാനും തുടർന്ന് മൂല്യനിർണയം നടത്തി സമയബന്ധിതമായി ഫലം പ്രഖ്യാപനം നടത്താനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

ഹയർ സെക്കൻഡറി ഫലം മെയ് 25ന് പ്രഖ്യാപിക്കും. പുതിയ അധ്യയന വർഷ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് തിരുവനന്തപുരം മലയൻകീഴ് ഗവ. ബോയ്സ് എൽപി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.