രാജസ്ഥാൻ റോയൽസിനോട് 4 വിക്കറ്റിന് പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടു

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് 4 വിക്കറ്റിന് പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടു. സഞ്‌ജു സാംസൻ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.ജയിക്കാൻ 9 റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.അർധസെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാൾ, ദേവദത്ത പടിക്കൽ എന്നിവരുടെ ഇന്നിഗ്‌സുകളാണ് രാജസഥാൻ വിജയത്തിൽ നിർണായകമായത്.

പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു. ജയ്സ്വാൾ 36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസെടുത്തു. സ്കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ ബട്‍ലറിനെ നഷ്ടമായ രാജസ്ഥാന് രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – പടിക്കൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്.

വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ (28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 46 റൺസ്), റയാൻ പരാഗ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത് 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസിനു രണ്ടു വിക്കറ്റ് വീഴ്ത്തി.അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ്, നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ്, സാം കറൻ നാല് ഓവറിൽ 46 റൺസ് , രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയുമാണ് ഓരോ വിക്കറ്റ് വീഴ്ത്തിയത് രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

തോൽവിയോടെ പഞ്ചാബ് കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ 4 വിക്കറ്റ് വിജയം നേടിയെങ്കിലും രാജസ്ഥാൻ ഇപ്പോഴും നെറ്റ് റൺറേറ്റിൽ ആർസിബിക്ക് പിന്നിൽ അഞ്ചാമതാണ്.ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു.