അഞ്ചാം പാതിര യ്ക്ക് ശേഷം മിഥുൻ മാനുവൽ ഒരുക്കുന്ന മെഡിക്കൽ ത്രില്ലർ ചിത്രം അബ്രഹാം ഓസ്ലർ,ജയറാം നായകൻ

അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് അബ്രഹാം ഓസ്ലർ. 2022ൽ ഇറങ്ങിയ മകൾ എന്ന് സത്യൻ അന്തിക്കാട് ചിത്രത്തിന് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്നു. മെഡിക്കൽ ത്രില്ലർ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസനും സംവിധായകൻ മിഥുൻ മാനുവലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഡോ. റൺധീർ കൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ സിനിമകളുടെ ഛായാഗ്രഹകനായ തേനി ഈശ്വർ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു .മെയ് 20 ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മിഥുൻ മാനുവലിന്റെ രചനയിൽ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുനാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗരുഡൻ എന്ന ചിത്രമാണ് മിഥുന്റെ രചനയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.അരുണ വർമ്മയാണ് സംവിധാനം ചെയ്യുന്നത്.

ജയറാമിന് പുറമെ അർജുൻ അശോകൻ, സൈജു കുറുപ്പ്, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, സായി കുമാർ, ആര്യ സലീം എന്നിവരാണ് അബ്രഹാം ഓസ്ലർ   ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം മിഥുൻ മുകുന്ദനും എഡിറ്റിങ് . സൈജു ശ്രീധരനും കല സംവിധാനം ഗോകുൽ ദാസും നിർവ്വഹിക്കുന്നു