ജനങ്ങൾ കൃഷിയിലേക്കും കാർഷിക പ്രവർത്തനങ്ങളിലേക്കും കടന്നുവരുന്നതിനുള്ള പ്രവർത്തനങ്ങൾ കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് നടത്തി വരുന്നുവെന്ന് ദേവസ്വം- പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ചേർത്തല മണ്ഡലത്തിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച കരപ്പുറം കാർഷിക കാഴ്ചകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യമൃഗ ശല്യം, കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില എന്നിവ ലഭിക്കുന്നതിലൂടെ കൂടുതൽ ജനങ്ങൾ കൃഷിയിലേക്ക് കടന്നു വരുമെന്നും, അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിലൂടെയും കൃഷിക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോക ഭക്ഷ്യ ഉച്ചകോടിയിൽ ലോകത്തെ 200 കോടി ജനങ്ങൾ വിശപ്പിലേക്ക് പോകുമെന്നും, അതിനാൽ എല്ലാ രാജ്യങ്ങളും ഉത്പാദനം വർദ്ധിപ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം 52% വരെ അതിദരിദ്ര്യരുള്ള സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നിരിക്കെ, കേരളത്തിൽ അതിദരിദ്രർ 0.7% മാത്രമാണ്. കാർഷിക മേഖലയിലെ ഇടപെടലുകൾ ഉൾപ്പെടെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇവരെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി ഒരുക്കിയ നൂറോളം പ്രദർശനസ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച കരപ്പുറം കാർഷിക കാഴ്ചകളുടെ ഉദ്ഘാടന സമ്മേളന യോഗത്തിൽ കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനായി.
ദേശീയതലത്തിൽ കാർഷിക മേഖലയിലെ വളർച്ച നിരക്ക് താഴേക്ക് പോകുമ്പോൾ, കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് 4.64% വളർച്ച കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ജനങ്ങളെ കൃഷിയിലേക്ക് ആകർഷിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയിൽ നവീന ആശയങ്ങൾ സൃഷ്ടിക്കാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 22000ത്തിലധികം കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കുകയും, 10760 ഫാം പ്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിക്കുമ്പോൾ ഉത്പ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്ന വിപണി കണ്ടെത്തുവാൻ മൂല്യ വർദ്ധനവ് അടിസ്ഥാനമാക്കി നിരവധിയായ പ്രവർത്തനങ്ങൾക്ക് കൃഷിവകുപ്പ് നേതൃത്വം നൽകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂല്യവർദ്ധിത മേഖലയിൽ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവനമേഖലയിൽ 200 കൃഷികൂട്ടങ്ങളുടെയും പ്രവർത്തനം ആരംഭിച്ചുവെന്നും, ഉത്പന്നങ്ങൾക്ക് വിപണി സാധ്യത കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈനിൽ കൃഷി വകുപ്പിന്റെ 131 ഉത്പന്നങ്ങൾ എത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഒരു കൃഷിഭവൻ ഒരു ഉത്പ്പന്നം എന്ന തരത്തിൽ ലക്ഷ്യമിട്ടുവെങ്കിലും പല കൃഷിഭവനുകളിലും ഒന്നിലധികം ഉത്പ്പന്നങ്ങൾ തയ്യാറായെന്നും മന്ത്രി അറിയിച്ചു. കരപ്പുറത്തുനിന്നും 50ലധികം ഉത്പ്പന്നങ്ങൾ ഉണ്ടാകട്ടെയെന്നും മന്ത്രി പ്രത്യാശിച്ചു.
ചടങ്ങിൽ സോയിൽ ഫെർട്ടിലിറ്റി മാപ്പിന്റെ പ്രകാശനം ആലപ്പുഴ എംപി എ എം ആരിഫ് നിർവഹിച്ചു. ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ മുഖ്യാതിഥിയായി.
മുതിർന്ന കർഷകൻ ശേഖരൻ മറ്റപറമ്പിലിനെ വേദിയിൽ ആദരിച്ചു.
കരപ്പുറത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതി നാടുണർത്തിയ വിളംബര ഘോഷയാത്രയിലൂടെയാണ് കാർഷിക കാഴ്ചകൾ തുടക്കമായത്. 10 ദിവസം നീണ്ടുനിൽക്കുന്ന കാർഷിക പരിപാടികൾക്ക് പ്രൗഢോജ്വലമായ തുടക്കം സമ്മാനിച്ച ഘോഷയാത്രയിൽ കരപ്പുറത്തിന്റെ വിവിധ കലാ-സാംസ്കാരിക-കായിക മേഖലയിലെ പ്രവർത്തകർ അണിനിരന്നു.
പൊതു സമ്മേളനത്തിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ചെങ്കുതറ, സെന്റ് മൈക്കിൾസ് കോളേജ് മാനേജർ റവ. ഫാ. നെൽസൺ തൈപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ സ്വാഗതവും കൃഷിവകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് ഐഎഎസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുതത്