പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി മരിച്ച കേസ്; ഭർത്താവിനെ ചോദ്യം ചെയ്യും

കോട്ടയം∙ പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരി മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് വെട്ടേറ്റു മരിച്ച കേസിൽ ഭർത്താവ് ഷിനോ മാത്യുവിനെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള ഷിനോ കുറ്റം സമ്മതിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. വിഷം കഴിച്ചു എന്നറിയിച്ച് ഷിനോ കഴിഞ്ഞ ദിവസം രാത്രിയാണ് ചങ്ങനാശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അതേസമയം, ജൂബി ജേക്കബിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി.

പങ്കാളിയെ കൈമാറിയ കേസിൽ പരാതിക്കാരിയായ യുവതി വെട്ടേറ്റു മരിച്ചതോടെ പൊലീസിൽ പരാതി നൽകുന്നവരുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യങ്ങൾ കൂടി ഉയരുന്നതോടെ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കി അന്വേഷണം തുടരുകയാണ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ളതും അന്വേഷിക്കും.വിഷം കഴിച്ചു എന്നറിയിച്ച് പ്രതി ഇന്നലെ രാത്രിയാണ് ചങ്ങനാശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്ഥിതി ഗുരുതരമല്ലാത്തതിനാൽ പ്രതി വിഷം കഴിച്ചോ എന്ന കാര്യത്തിലും പൊലീസിനു സംശയമുണ്ട്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നതിനാൽ പ്രതി പൊലീസ് കസ്റ്റഡിയിൽ തന്നെയാണ്. പ്രതിയുടെ മൊബൈൽ ഫോണും യുവതി ആക്രമിക്കപ്പെട്ട ബാത്റൂമിൽ നിന്ന് കണ്ടെടുത്ത യുവതിയുടെ ഫോണും പൊലീസ് പരിശോധിച്ച് വരികയാണ്.

വെട്ടി പരുക്കേൽപ്പിക്കാൻ ഉപയോഗിച്ച ആയുധം ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യുവതിയുടെ ഭർത്താവ് തന്നെയാണ് പ്രതിയെന്നാണ് പൊലീസിന്റെ അനുമാനം. പങ്കാളിയെ കൈമാറിയ കേസിൽ ഉൾപ്പെട്ട ആളുകളുടെ സഹായവും കുറ്റകൃത്യത്തിന് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.