ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ ഇൻസ്പെക്ടറെ കാസർഗോഡേയ്ക്ക് സ്ഥലംമാറ്റി പൊലീസ് മേധാവി അനിൽകാന്ത്

കൊച്ചി: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജിപി മനുരാജിനെ കാസർഗോഡ് ചന്തേരിയിലേക്ക് സ്ഥലം മാറ്റി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. അമിതവേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.

ചോരയിൽ കുളിച്ച് റോഡിൽ കിട‌ന്ന ബൈക്ക് യാത്രക്കാരനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബൈക്ക് യാത്രക്കാരൻ മട്ടാഞ്ചേരി സ്വദേശി വിമലിന്റെ പരാതിയിൽ  പൊലീസ് നടപടികള്‍ വൈകുന്നതിനെതിരെയും  ഇൻസ്പെക്ടർ മനുരാജിനെ കേസില്‍ നിന്ന് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവം വിവാദമായതോടെ വിമലിന്റെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി.എന്നാൽ എഫ്ഐആറിൽനിന്നും മനഃപൂർവ്വം ഇൻസ്പെക്ടറുടെ പേര് പോലീസ് ഒഴുവാക്കി.വിമൽ നൽകിയ മൊഴിയിൽ പ്രതിയാരെന്ന് പറയാത്തതിനാലാണ് ഇൻസ്പെക്ടറുടെ പേര് രേഖപ്പെടുത്താതെന്ന് പൊലീസ് പറഞ്ഞു