അരിക്കൊമ്പന്‍ തിരികെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തി

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തി. അരിക്കൊമ്പന്‍ തിരിച്ചു പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിയത് തമിഴ്‌നാട് വനം വകുപ്പിനും മേഖലയിലെ ജനങ്ങള്‍ക്കും ആശ്വസമായി. മുല്ലക്കുടിയ്ക്ക് സമീപമുള്ള മേദകാനത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരിക്കൊമ്പന്‍ മുല്ലക്കുടി ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റേഡിയോ കോളറില്‍ നിന്ന് വനം വകുപ്പിന് ലഭിക്കുന്ന വിവരം.

അരിക്കൊമ്പന്‍ മുല്ലക്കുടിയില്‍ തുടരുന്നതില്‍ ആശങ്ക വേണ്ടെന്നും റേഡിയോ കോളറില്‍ നിന്ന് കൃത്യമായി വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.അരിക്കൊമ്പന്‍ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് തമിഴ്‌നാട്ടിൽ ആശങ്ക പരത്തിയിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി മേഘമലയിലും വനമേഖലയിലെ തേയില തോട്ടങ്ങളിലുമായി ചുറ്റിത്തിരിഞ്ഞിരുന്ന അരിക്കൊമ്പന്‍ നാല് ദിവസം മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്.

വനം വകുപ്പ് തുറന്നുവിട്ട മേദകാനത്ത് നിന്ന് കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ എത്തിയത്. ഇവിടെ വനം വകുപ്പിന്റെ വാഹനം തകര്‍ത്ത അരിക്കൊമ്പന്‍ വ്യാപകമായ കൃഷിനാശവും വരുത്തിയിരുന്നു. പെരിയാറിലെ സീനയര്‍ ഓട എന്ന സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊമ്പന്‍ ഇവിടെയുണ്ടായിരുന്ന വനപാലകരുടെ ഷെഡ് തകര്‍ത്തു.പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ചെങ്കിലും അരിക്കൊമ്പന്‍ ഇനിയും മടങ്ങി വരാനുള്ള സാധ്യതയിൽ തമിഴ്‌നാട് വനംവകുപ്പ് ആശങ്കയിലാണ്