കേരളത്തിലെ ഒരു റവന്യൂ ഉദ്യോഗസ്ഥനില്‍ നിന്ന് പിടികൂടുന്ന ഏറ്റവും വലിയ സംഖ്യയെന്ന് വിജിലൻസ്

പാലക്കാട് : : 2500 കൈക്കൂലി വാങ്ങി പിടിയിലായ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റിന്‍റെ താമസ സ്ഥലമായ ഒറ്റമുറിയിൽ നിന്ന് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെടുത്തത് 1.5 കോടിയോളം രൂപ. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്റെ ഒറ്റമുറി താമസ സ്ഥലത്തു നിന്നാണ് റെയ്ഡില്‍ 1.5 കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കേരളത്തിൽ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥനില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇതെന്നാണ് വിജിലൻസ് അറിയിക്കുന്നത്.

മുറിയുടെ പലഭാഗങ്ങളിലായി കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമായി നിറച്ചുവെച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ സൂക്ഷിച്ചുവച്ചിരുന്നത്.പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു പല കവറുകളും കണ്ടെത്തിയത്.പിടിച്ചെടുത്ത നോട്ടുകള്‍ക്ക് വളരെ പഴക്കമുണ്ട്. വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. മണിക്കൂറുകളെടുത്താണ് വിജിലന്‍സ് സംഘം ഈ നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ ഏതാണ്ട് 17 വർഷത്തോളമായി പാലക്കാട് മണ്ണാർകാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളിലായി ജോലി ചെയ്തുവരികയാണ്. ഇയാള്‍ താമസിച്ചിരുന്നത് മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിലാണ്. 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും ബാങ്ക് അക്കൗണ്ടിൽ നിന്ന് 25 ലക്ഷം രൂപയും വിജിലൻസ് കണ്ടെടുത്തു.

ചോദ്യം ചെയ്തപ്പോള്‍ ആറ് ലക്ഷം രൂപയുണ്ടെന്നാണ് സുരേഷ് കുമാര്‍ വിജിലന്‍സിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്ഥിര നിക്ഷേപങ്ങളുടെ രേഖകളും പാസ് ബുക്കുകളും അടക്കം 1.5 കോടി രൂപ കണ്ടെടുത്തത്. കണ്ടെടുത്ത തുകയെല്ലാം കൈക്കൂലിയായി സുരേഷ് കുമാറിന് കിട്ടിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും കൂടുതൽ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് സംഘം അറിയിച്ചു.