ജെന്നിഫർ മ്യൂസിയത്തിൽ പോയത് സ്വന്തം ഹൃദയം കാണാനായിരുന്നു.

ലണ്ടൻ : കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യമുള്ള പുരാതനവും അമൂല്യവുമായ വസ്തുക്കൾ കാണാനാണ് എല്ലാവരും മ്യൂസിയങ്ങൾ സന്ദർശിക്കുന്നത്. 16 വർഷങ്ങൾക്ക് മുമ്പ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ച സ്വന്തം ഹൃദയം കാണാനായിരുന്നു ജെന്നിഫർ സറ്റൺ എന്ന 38-കാരി കഴിഞ്ഞ ദിവസം ലണ്ടനി​ലെ പ്രശസ്തമായ ഹണ്ടേറിയൻ മ്യൂസിയം സന്ദർശിച്ചത്.യു.കെയിൽ വെച്ച് നടന്ന ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയിൽ നീക്കം ചെയ്ത അവരുടെ സ്വന്തം ഹൃദയം ലണ്ടനി​ലെ പ്രശസ്തമായ ഹണ്ടേറിയൻ മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് ജെന്നിഫറിന് മനസ്സിലാകുന്നത്.ചെറിയ വ്യായാമങ്ങൾ പോലും ചെയ്യാൻ പ്രയാസപ്പെടുന്ന‘റെസ്ട്രിക്ടീവ് കാർഡിയോമയോപ്പതി’ എന്ന ഗുരുതരമായ രോഗാവസ്ഥയായിരുന്നു ജെന്നിഫറിന്. ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുക. ജെന്നിഫറിന് 13 വയസുള്ളപ്പോൾ ഇതുപോലൊരു ശസ്ത്രക്രിയയെ തുടർന്ന് അവളുടെ അമ്മ മരിച്ചത് അവരെ വളരെയധികം ബാധിച്ചിരുന്നു.

ഹൃദയം മാറ്റിവെക്കാതെ ജീവൻ നിലനിർത്താൻ കഴിയില്ലെന്ന് വന്നതോടെ അതിനു തയ്യാറായ 22 കാരിയായ ജെന്നിഫറിന് മാച്ചായ ഹൃദയം ലഭിക്കാതെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 2007 ജൂണിൽ മാച്ചായ ഒരാൾ അവൾക്ക് ഹൃദയം കൊടുക്കാൻ തയ്യാറായി. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഉണർന്നപ്പോഴുള്ള ആദ്യത്തെ ചിന്ത ‘​ഞാനൊരു പുതിയ വ്യക്തിയായി മാറിയല്ലോ..’ എന്നായിരുന്നുവെന്ന് ജെന്നിഫർ പറയുന്നു. തന്റെ ഹൃദയം പ്രദർശനത്തിനായി ഉപയോഗിക്കുന്നതിന് റോയൽ കോളേജ് ഓഫ് സർജൻസിന് ജെന്നിഫർ അനുമതി നൽകി.

“എന്റെ ശരീരത്തിനുള്ളിലുണ്ടായിരുന്ന അവയവമാണല്ലോ അത്’ എന്ന വിചിത്രമായ ചിന്തയാണ് ഹൃദയം നേരിട്ട് കാണുമ്പോൾ മനസിലേക്ക് വരുന്നത് .വളരെ നല്ല അനുഭൂതി അത് തരുന്നുണ്ട്. അതെന്റെ സുഹൃത്തിനെ പോലെയാണ്. എന്നെ 22 വർഷക്കാലം ജീവനോടെ അത് നിലനിർത്തി.അതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. ഹൃദയം തന്ന ആളെ നന്ദിയോടെ ഞാനോർക്കുന്നു ’’.ജെന്നിഫർ പറഞ്ഞു.

“ജീവിച്ചിരിക്കെ തന്റെ അവയവം ഒരു പ്രദർശന വസ്തുവായി കാണാൻ കഴിഞ്ഞത് തീർത്തും അവിശ്വസനീയമായ അനുഭവമായിരുന്നു.അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കും.ഹൃദയത്തെ കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിർത്താനായി തിരക്കേറിയതും സജീവവുമായ ജീവിതമാണിപ്പോൾ നയിക്കുന്നത്. കഴിയുന്നത്ര കാലം ഇതുപോലെ തുടരാനാണ് തന്റെ പദ്ധതിയെന്നും 16 വർഷമായി മറ്റൊരാളുടെ ഹൃദയവുമായി ജീവിക്കുന്ന ജെന്നിഫർ പറഞ്ഞു.