അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ല; പിടിക്കപ്പെട്ടാൽ കർശന ശിക്ഷയെന്ന് മുഖ്യമന്ത്രി

അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടുക പ്രധാനം. ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. കാലങ്ങളായി ഫയൽ ഒരിടത്ത് കുടുങ്ങി കിടക്കുന്നതാണ് അവസ്ഥ. ചിലയിടങ്ങൾ ഫയൽ തീർപ്പാക്കൽ വേണ്ടത്ര ഉണ്ടായില്ല എന്നും അദ്ദേഹത്തെ വ്യക്തമാക്കി. ഫയൽ നീക്കം വേഗത്തിലാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.എങ്ങനെ അഴിമതി നടത്താമെന്നതിന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസ് മേഖലയിലുണ്ട് എന്ന് മുഖ്യ മന്ത്രി അറിയിച്ചു. അവർ വ്യാപകമായി അഴിമതി നടത്തുന്നു. ഇതിലൊരാളാണ് ഇന്നലെ പിടിയിലായത്. ഒരു ഉദ്യോഗസ്ഥന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അഴിമതി നടത്തിയ ആളുടെ കാര്യം തീരെ മനസിലാക്കാൻ കൂടെയുള്ളവർക്ക് കഴിയാതെ വരുമോ എന്ന ചോദ്യം അദ്ദേഹം ചോദിച്ചു. അഴിമതി നടത്തുന്നയാളെ തിരുത്താൻ മറ്റുള്ളവർക്ക് കഴിയണം. ഒരു വിഭാഗം അഴിമതിയുടെ രുചി അറിഞ്ഞവരാണ്. അവർ മാറാൻ തയ്യാറാകുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ നടപടിയെടുക്കുമ്പോൾ അതിന് അനുസരിച്ച് ഇടപെടാൻ മറ്റു ജീവനക്കാർക്ക് കഴിയുന്നില്ല. അഴിമതി നടത്തുമ്പോൾ എത്രമാത്രം ദുഷ്പ്പേര് ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുവെന്ന് കാണണം. ജനപക്ഷത്തായിരിക്കണം ജീവനക്കാർ. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. എല്ലാം എല്ലാവരും കാണുന്നുവെന്ന് മനസിലാക്കണം. ഇത്തരത്തിലുള്ള അപചയം ചിലർക്കുണ്ടാകുന്നത് നാടിന് അപമാനകരം. പിടിക്കപ്പെട്ടാൽ കർശന ശിക്ഷ. രക്ഷപെട്ട് എല്ലാക്കാലവും നടക്കാമെന്ന് കരുതേണ്ട എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.