ഗോത്ര സമൂഹത്തിൽ ജനിച്ചത് ഒരു പോരായ്മയല്ല: രാഷ്ട്രപതി ദ്രൗപദി മുർമു

ഖുന്തി∙ സ്ത്രീയാണെന്നതോ, ഗോത്ര സമൂഹത്തിൽ ജനിച്ചതോ ഒരു പോരായ്മയല്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ജാർഖണ്ഡിലെ ഖുന്തിയിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സംഭാവനയ്ക്ക് പ്രചോദനാത്മകമായ എണ്ണമറ്റ ഉദാഹരണങ്ങളുണ്ടെന്നും സാമൂഹിക പരിഷ്കരണം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, വാണിജ്യം, കായികം, സേന തുടങ്ങി നിരവധി മേഖലകളിൽ സ്ത്രീകൾ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ഏതൊരു മേഖലയിലും വിജയിക്കുന്നതിന്, സ്വന്തം കഴിവുകൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും മറ്റുള്ളവരുടെ സ്കെയിലിൽ സ്വയം വിലയിരുത്തരുതെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിച്ച രാഷ്ട്രപതി, സ്ത്രീ ശാക്തീകരണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങൾ തുല്യ പ്രാധാന്യമുള്ളതാണെന്ന് കൂട്ടിച്ചേർത്തു. ഗോത്ര സമൂഹം പല മേഖലകളിലും മാതൃകാപരമായ ഉദാഹരണങ്ങൾ നൽകുന്നുവെന്നും അതിലൊന്നാണ് ഗോത്ര സമൂഹത്തിൽ സ്ത്രീധന സമ്പ്രദായം പ്രചാരത്തിലില്ലാത്തതെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ പലർക്കും, വിദ്യാസമ്പന്നരായ ആളുകൾക്ക് പോലും സ്ത്രീധന സമ്പ്രദായം ഉപേക്ഷിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടിജാർഖണ്ഡിലെ കഠിനാധ്വാനികളായ സഹോദരിമാരും പെൺമക്കളും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും ഗണ്യമായ സംഭാവന നൽകാൻ കഴിവുള്ളവരാണെന്ന് രാഷ്ട്രപതി പറഞ്ഞു. ‘നിങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക’ എന്ന് ജാർഖണ്ഡിലെ സ്ത്രീകളോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.