വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജിനു പിന്നാലെ തിരുവനന്തപുരം ആക്കുളത്തും ഗ്ലാസ് ബ്രിഡ്ജ് വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

2022 നവംബറിൽ ഉദ്ഘാടനം ചെയ്ത ഒന്നാം ഘട്ട സാഹസിക വിനോദ സഞ്ചാര പദ്ധതിയായ ആക്കുളത്തെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു.സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഒന്നാം ഘട്ട ഉദ്ഘാടന സമയത്ത് തന്നെ സൂചിപ്പിച്ചിരുന്നു.

രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെ ഒരുക്കിയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്.

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവുമെന്ന് മന്ത്രി പറഞ്ഞു.

2016ൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലം പോലെ വയനാട്ടിൽ ആരംഭിച്ച കണ്ണാടി പാലവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറികഴിഞ്ഞു.