അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി

തിരുവനന്തപുരം: അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിൽ രണ്ടു മുതൽ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

ജൂൺ ഒന്നിനാണ് 2023-24 അധ്യയന വർഷം ആരംഭിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.