പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യഘട്ട ഉദ്ഘാടന ചടങ്ങുകൾ നടന്നു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഹോമത്തിനും പൂജയ്ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചു. സര്‍വമത പ്രാര്‍ഥനയോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയാക്കി.

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി. ചടങ്ങുകളുടെ ഭാഗമായി ഹോമം, പൂജ എന്നിവ നടത്തി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആണ് പൂജകൾ നടത്തിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തിരുന്നു. തുടർന്ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുൻപ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു.

ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാരക്കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ചെങ്കോല്‍ സമര്‍പ്പിച്ചിരുന്നെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഉദ്ഘാടനത്തിന്റെ രണ്ടാംഘട്ട ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉൾപ്പെടെ 21 പ്രതിപക്ഷപാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ല. ചടങ്ങിൽ ഇരുവരുടെയും സന്ദേശം വായിക്കും. പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു