വ്യാജ അഭിഭാഷക, അധ്യാപന ജോലി വാഗ്ദാനം, അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ കൂടുതൽ പരാതികൾ

മലപ്പുറം: മലപ്പുറത്തെ യുവതിക്ക് അധ്യാപന ജോലി വാഗ്ദാനംചെയ്ത് 4.85,000രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃശൂര്‍ ചെറുവശ്ശേരി ശിവാജി നഗര്‍ സ്വദേശിനിയായ നുസ്രത്തിനെതിരേ കൂടുതൽ പരാതികൾ ലഭിക്കുന്നതായി പോലീസ്. സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയ ശേഷം സ്‌റ്റേഷനിലെത്തിയ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്‍റെ ഭാര്യ വി പി നുസ്രത്തിനെ (36) കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായാണ് പരാതികള്‍. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ക്കെതിരെയുള്ളതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ കൊടുക്കുകയും ഇവര്‍ക്കെതിരെ കോടതിയിലുള്ള പല കേസുകളിലും ഹൈക്കോടതിയെ സമീപിക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

നിരവധി പേരില്‍ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഡിവൈഎസ്പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് തനിക്കെതിരെ ഉയര്‍ന്ന പരാതിക്കെതിരെ നുസൃത്തും നേരത്തെ രംഗത്തുവന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകളെല്ലാം വ്യാജമാണെന്നും ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്നും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും നുസ്‌റത്ത് നേരത്തെ പറഞ്ഞിരുന്നു.

മലപ്പുറം, പാലക്കാട്, തൃശൂര്‍ കൊല്ലം ജില്ലകളിലായി സമാനമായ ഒമ്പതു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നലെ വൈകിട്ടു മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.