ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം, 55 പേർക്ക് പരിക്ക്

ജമ്മു കശ്മീർ:  ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 55 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റി. ചൊവ്വാഴ്ച അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.

അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. നാട്ടുകാരും സംസ്ഥാന ദുരന്ത നിവാരണ സംഘവും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

മെയ് 21ന് വൈഷ്മോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുമായി സഞ്ചരിച്ച രാജസ്ഥാനിൽ നിന്നുള്ള ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.