ഹണി ട്രാപ്പ് 65കാരന്റെ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു, യുവതിയടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ( 37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22 ) എന്നിവരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു.

സംഭവത്തിൽ ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ആലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായും ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ബാക്കിയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.