മതപഠനകേന്ദ്രത്തിൽ മരിച്ച പെൺകുട്ടി പീഡനത്തിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ പെൺകുട്ടി പീഡനത്തിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.

മകളെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ മരണം പ്രണയബന്ധം തകർന്നതിലെ നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും സ്ഥാപന അധികൃതരില്‍ നിന്ന് പെൺകുട്ടി പീഡനം നേരിട്ടിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഈ മാസം 13 നാണ് പെണ്‍കുട്ടിയെ മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി പീ‍ഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തത് പെൺകുട്ടിയ്ക്ക് മാനസിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം. അന്വേഷണത്തിന് 13അംഗ സംഘത്തെ നിയോഗിച്ചിരുന്നു