ഉലകനായകൻ കമല്‍ഹാസന്‍ വില്ലനാകുന്നു,പ്രഭാസിന്‍റെ “പ്രൊജക്ട് കെ” യില്‍

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ യിൽ ഉലകനായകൻ കമല്‍ഹാസന്‍ വില്ലനാകുന്നു. വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന അമ്പതാം ചിത്രമായ പ്രൊജക്ട് കെയില്‍ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും മുന്‍പ് പുറത്തുവന്നിരുന്നു.

മഹാനടി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ പ്രൊജക്ട് കെയില്‍ ഉലകനായകന്‍ കമല്‍ഹാസൻ പ്രഭാസിന്‍റെ വില്ലനായാകും അഭിനയിക്കുക എന്നാണ് പുതിയ വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സയിന്‍റിഫിക് ഫിക്ഷന്‍ ജോണറില്‍ ഒരുക്കുന്ന ചിത്രത്തിലെ പ്രഭാസിന്‍റെയും കമല്‍ഹാസന്‍റെയും റോളുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറക്കാര്‍ക്കിടയില്‍ പുരോഗമിക്കുകയാണ്.

പ്രഭാസിന്‍റെ വില്ലനായി അഭിനയിക്കാൻ 20 ദിവസത്തെ കോള്‍ഷീറ്റിന് 150 കോടി രൂപയോളം കമലിന് പ്രതിഫലം വാഗ്ദാനം ചെയ്‌തെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ പ്രഭാസിന്‍റെ നായിക.ഷാരൂഖിനൊപ്പം പത്താനില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്തവെച്ച ദീപിക പ്രൊജക്ട് കെയിൽ പ്രഭാസിനോടൊപ്പം കാണാൻ ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്നു.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന രാമായണം പ്രമേയമാക്കി ഒരുക്കിയ ശ്രീരാമന്‍റെ റോളിൽ പ്രഭാസ് എത്തുന്ന “ആദിപുരുഷ്”  ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന  പ്രഭാസിന്‍റെ “സലാര്‍” റിലീസിനൊരുങ്ങുന്നു. മണിരത്നത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം,ലോകേഷ് കനകരാജ് ചിത്രം,തുടങ്ങി ഒരുപിടി ചിത്രങ്ങൾ കമലഹാസന്‍റെതായി പ്രഖ്യാപിച്ചിട്ടുണ്ട്. വിക്രമിന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്‌‍റെ ചിത്രീകരണത്തിലാണ് കമല്‍ഹാസന്‍.