കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഷാറൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനില്‍ വീണ്ടും തീപിടുത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി മുഴുവനും കത്തി നശിച്ചു. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ.
സംസ്ഥാന റെയില്‍വേ പോലീസില്‍ നിന്ന് എന്‍ ഐ എ വിവരങ്ങള്‍ തേടുന്നതിനിടയിൽ കോച്ചിന്റെ ഭാഗത്തേയ്ക്ക് ഒരാള്‍ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എലത്തൂര്‍ തീവെപ്പ് കേസിന്റെ അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് എന്‍ ഐ എയ്ക്ക് വീണ്ടും തലവേദനയാകുന്നത്.
രാത്രി 11.45ഓടെ ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചതിന് ശേഷം ഒന്നരയോടെ ബോഗിയില്‍ നിന്ന് തീ ഉയരുന്നതാണ് കണ്ടത്. എന്ജിന് വേര്‍പെടുത്തിയ ശേഷമാണ് തീപിടിത്തമുണ്ടായത്. പുറമെ നിന്ന് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിന്റെ ഏറ്റവും പിന്നില്‍ നിന്ന് മൂന്നാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റെയില്‍വേ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്.