കരിയർ ഉണ്ടാക്കാൻ വഴങ്ങിക്കൊടുക്കണം,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിൽപിടിച്ചു,ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ

ന്യൂഡൽഹി: വനിതാ അത്ലറ്റുകളെ മോശമായ സ്പർശിച്ചു, സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, അവരുടെ കരിയറിൽ പിന്തുണയ്ക്കുന്നതിന് വേണ്ടി വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് റസലിംങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫഐആറിൽ പറയുന്നത്.

കഴിഞ്ഞ മാസം ഡൽഹി കോണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ ഏഴ് വനിതാ റസലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്ഐആറുകൾ രജസിറ്റർ ചെയ്തിരിക്കുന്നത്. ആറ് പേർ ചേർന്ന് ഒരു കേസും രണ്ടാമത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവുമാണ് നൽകിയിരിക്കുന്നത്.ലൈംഗിക ഇംഗിതം നിരസിച്ചവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും അവർക്ക് പ്രൊഫഷണൽ അവസരങ്ങൾ നിഷേധിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്.

2012 മുതൽ 2022 വരെയുള്ള കാലയളവിനിടയിൽ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥലങ്ങളിൽ വച്ച് ഇയാൾ വിവിധ സംഭവങ്ങൾ നടത്തിയത് എന്ന് എഫ്‌ഐആറിൽ പറയുന്നു. പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്ട്ര വേദികൾ, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉൾപ്പടെ എട്ട് സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചു. ശ്വാസം പരിശോധിക്കാൻ എന്ന വ്യാജേന ഇയാൾ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് കൊണ്ട് ബ്രിജ് ഭൂഷൻ പ്രസ്താവന പുറത്തിറക്കി. ബ്രിജ് ഭൂഷനെ അനുകൂലിച്ച് നടത്താനിരുന്ന റാലി മാറ്റി വച്ചതായി അധികൃതർ അറിയിച്ചു.