തൊട്ടാൽ പൊള്ളും ചിക്കൻ കിലോയ്ക്ക് 160-180

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ കൂടി 160-180 രൂപയായി. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപ വരെ ഈടാക്കുന്നുണ്ട്‌. ചൂട് കാരണം ഫാമുകളിൽ കോഴി ഉൽപാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവർധനയുമാണ് വില ഉയരാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.

സംസ്ഥാനത്തേക്ക് ആവശ്യമായ കോഴിയുടെ 50 ശതമാനം വരെ തദ്ദേശീയമായാണ് ഉൽപാദിപ്പിച്ചിരുന്നത്. കോവിഡ് കാലത്തും അതിനുശേഷവും നഷ്ടം കാരണം നിരവധി ഫാമുകൾ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉൽപാദനം കുറയാൻ കാരണമായത്. ട്രോളിംഗ് നിരോധനം വരുന്നതോടെ കോഴിക്ക് ഡിമാൻഡ് വർധിക്കുമെന്നതിനാൽ വില ഇനിയും ഉയരാനാണ് സാധ്യത.

കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും ഇപ്പോൾ 50 കിലോ കോഴിത്തീറ്റ ചാക്കിന്റെ വില 700 രൂപയായി കൂടിയതും വിലക്കയറ്റത്തിന് കാരണമായതായി പറയുന്നു. കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ ഇറച്ചി വിപണികളിലേക്ക് കൂടുതലും കോഴിയെത്തുന്നത്. വില ഇനിയും ഉയർന്നാൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാകും.