ഭിക്ഷാടനം തടഞ്ഞതിന്റെ വൈരാഗ്യം,തീവെച്ചത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി.ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ വെച്ചത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാൾ സ്വദേശി നാൽപ്പതു കാരനായ പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത.

കൊൽക്കത്തിൽ ഇലക്ട്രീഷ്യനായും പിന്നീട് ഹോട്ടലുകളിൽ വെയിറ്ററായും ജോലി ചെയ്തിട്ടുള്ളയാളാണ് പ്രസൂൺ എന്ന് നീരജ് കുമാർ ഗുപ്ത പറഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും, മുംബൈയിലും ഇയാൾ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി വിൽപന നടത്തിയിരുന്നു. പിന്നീടാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ഇയാൾ കുറച്ച് ദിവസം മുമ്പാണ് കേരളത്തിലേക്ക് വന്നത്.

പ്രതി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരളാ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലുണ്ട്.തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. പ്രസൂൺ തന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാകുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു.

മൂന്ന് ദിവസം മുമ്പാണ് തലശേരിയിൽനിന്ന് കാൽനടയായി കണ്ണൂരിലേക്ക് വന്നത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുട‍ര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ പണം ലഭിച്ചിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മ‍ര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.