കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ-ഫോൺ യാഥാർത്ഥ്യമാക്കാനായി അക്ഷീണം യത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ജനങ്ങളുടെ അവകാശമാണ് ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സർക്കാർ കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിർവ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്, അഥവാ കെ-ഫോൺ പദ്ധതിയെന്ന് കെ-ഫോൺ ജനങ്ങൾക്കു സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് ലക്‌ഷ്യം.ലോകത്തേറ്റവും അധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 700 ലധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സർക്കാർ സവിശേഷമായി ഇടപെടുന്നത്. ഇടമലക്കുടി ഉൾപ്പെടെയുള്ള ഇടങ്ങളിൽ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ജനകീയ ബദൽ മാതൃക കൂടിയാണ് കെ-ഫോൺ പദ്ധതി.സ്വകാര്യ മേഖലയിലെ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകണം എന്ന നിശ്ചയദാർഢ്യത്തോടെയാണ് കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്.കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയർന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്റെ സേവനങ്ങൾ ലഭ്യമാക്കും .

മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നും ദിവാസ്വപ്നം എന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാൻ ശ്രമിച്ചവർ തന്നെയാണ് സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ ഉള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചത്.കിഫ്ബിയിലൂടെയാണ് കഴിഞ്ഞ 7 വർഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് ഈ കേരളത്തിൽ ഏറ്റെടുത്തിട്ടുള്ളത്.ആ കിഫ്ബി തകർന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെ കാണണമെന്നു ജനങ്ങൾ തന്നെ ചിന്തിക്കട്ടെ.

സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുമായിരുന്ന ഡിജിറ്റൽ ഡിവൈഡിനെ കൂട്ടായ പ്രവർത്തനത്തിലൂടെ മറികടന്ന നമ്മൾ അന്നും എന്തിനാണ് കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കുന്നത് എന്ന് ചോദിച്ചതു കേട്ട് പിന്നോട്ടുപോയിരുന്നെങ്കിൽ ഇന്ന് എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം സാധ്യമാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായി നാം കേരളം മാറുമായിരുന്നില്ല. സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ ഇത്തരത്തിൽ എതിരു പറയുന്നവരുണ്ട്. ലോകം മുഴുവൻ മാറുന്നത് ഇവർ കാണുന്നില്ലേ?

ഐ ടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുകൊണ്ട് അതിലേക്ക് ചുവടുവെച്ച ആദ്യ സംസ്ഥാനമാണ് കേരളം. 33 വർഷം മുമ്പ് 1990 ൽ, രാജ്യത്തെ ആദ്യത്തെ ഐ ടി പാർക്കിന് അന്നത്തെ നായനാർ സർക്കാർ തിരുവനന്തപുരത്തു തുടക്കം കുറിച്ചത് വലിയ ദീർഘവീക്ഷണത്തോടെയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിതമായിരിക്കുന്നതും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിക്കുന്നതും ഈ കേരളത്തിലാണ്.2016 ൽ കേരളത്തിലെ സർക്കാർ ഐ ടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നത് 2022 ൽ 17,536 കോടി രൂപയായി , ആറു വർഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വർദ്ധനവ്.

കഴിഞ്ഞ 7 വർഷംകൊണ്ട് 4,000 ത്തിലധികം സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപവും 43,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബെൽജിയത്തിൽ നടന്ന ലോക ഇൻക്യുബേഷൻ ഉച്ചകോടിയിൽ മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാർട്ടപ്പ് മിഷനാണ്. കേരളത്തിന്റെ വ്യവസായ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മുന്നേറ്റം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിയ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ്.

എല്ലാവരെയും ഉൾച്ചേർക്കുന്ന ഒരു സുസ്ഥിര വികസന സമീപനമാണ് കേരളത്തിലെ സർക്കാർ മുന്നോട്ടുവെക്കുന്നത്. ലൈഫ് ഭവന പദ്ധതി മുഖേന മൂന്നര ലക്ഷത്തിലധികം വീടുകൾ നൽകി. മൂന്ന് ലക്ഷത്തോളം ആളുകൾക്ക് ഭൂമി ലഭ്യമാക്കി. മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ ലഭ്യമാക്കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണ്. 63 ലക്ഷം ആളുകൾക്കാണ് 1,600 രൂപ നിരക്കിൽ ക്ഷേമ പെൻഷൻ ലഭ്യമാക്കുന്നത്. 42 ലക്ഷത്തിലേറെ ആളുകൾക്കാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നത്.

കാർഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യവികസനം എന്നിവയ്ക്ക് ഊന്നൽ നൽകി സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാൻ ഉതകുന്ന സമഗ്രമായ ഇടപെടലുകളിലൂടെ അടുത്ത 25 വർഷം കൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങൾക്ക് തുല്യമായ നിലയിലേക്ക് ഉയർത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

കെ-ഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ-ഗവേണൻസ് സാർവ്വത്രികമാക്കുന്നതിനും കെ-ഫോൺ സഹായകമാവും. നവകേരള നിർമ്മിതിയെ കൂടുതൽ വേഗത്തിലാക്കും. കെ-ഫോൺ യാഥാർത്ഥ്യമാക്കാനായി അക്ഷീണം യത്‌നച്ച എല്ലാവരെയും ഈ ഘട്ടത്തിൽ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു