കോട്ടയം : സംസ്ഥാനത്തെ റോഡുകളിലെ കുഴി അടക്കാൻ ഇൻഫ്രാ റെഡ് പാച്ച് വർക്ക് സംവിധാനം വരുന്നു. MC റോഡിൽ കോട്ടയം മുതൽ അങ്കമാലി വരെയുള്ള കുഴികളടച്ചാണ് റോഡ് പരിപാലനത്തിന് തുടക്കമിട്ടത്.പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം കാരിത്താസിൽ മന്ത്രി മുഹമ്മദ് റിയാസ് പുതിയ മെഷീൻ സ്വിച്ച് ഓൺ ചെയ്തു കൊണ്ട് നിർവ്വഹിച്ചു.
ചെറിയ നാല് യന്ത്രങ്ങൾ അടങ്ങുന്നതാണ് യൂണിറ്റാണ് ഇൻഫ്രാ റെഡ്പാച്ച് വർക്ക് യൂണിറ്റ്. കുഴിയും പരിസരവും 140 ഡിഗ്രിയിൽ ചൂടാക്കും.ബിറ്റ് മിൻ എമൽഷൻ കുഴികളിൽ സ്പ്രേ ചെയ്യും. കുഴിയിൽ നിക്ഷേപിക്കാനുള്ള മിക്സ് 140 ഡിഗ്രി ചൂടിൽ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്സ് ചേംബർ യന്ത്രങ്ങൾക്കൊപ്പമുണ്ട്. മിക്സ് കുഴിയിൽ നിക്ഷേപിച്ച് കോംപാക്ടർ ഉപയോഗിച്ച് ഉറപ്പിക്കുന്നതോടെ പണി പൂർത്തിയാകും.
അസംസ്‌കൃത വസ്തുക്കളുടെയും നിർമ്മാണത്തിന്റെയും കുറഞ്ഞ ചെലവും കുറഞ്ഞ മലിനീകരണതോതുമെല്ലാം പുതിയ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. എട്ടു മിനിറ്റിൽ ഒരു കുഴി അടയക്കാം എന്നതാണ് പ്രത്യേകത.പാലായിലെ രാജി മാത്യു ആൻഡ് കമ്പനിയാണ് റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി യന്ത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്.
ഇൻഫ്രാറെഡ് ഹോട്ട് ടു ഹോട്ട് എന്ന യൂറോപ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് റോഡ് പരിപാലനത്തിനായി സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാനും ഇൻഫ്രാറെഡ് . സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് ചൂടാക്കി കുഴികളിൽ ജലാംശം കടക്കാതെ ടാറിംഗ് നടത്തി കൂടുതൽ കാലം റോഡിനെ പരിപാലിച്ചു നിർത്താനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ലോകം മാറുന്നതിനനുസൃതമായി വികസന പ്രവർത്തനങ്ങളിൽ നവീനമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്നും കേരളത്തിലെ 30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളിൽ 20,000 കിലോമീറ്ററിലധികം റോഡുകളിലും റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കിയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.