30 വർഷം മുൻപ് കയ്യിൽ കാശില്ലാതെ കടം പറഞ്ഞ ഓട്ടോക്കൂലി നൂറിരട്ടിയായി തിരിച്ചുനൽകി

കൊച്ചി: വർഷങ്ങൾക്ക് മുമ്പ് സവാരിക്ക് ശേഷം ഓട്ടോയ്ക്ക് കൂലി കൊടുക്കാൻ കൈയില്‍ പണം ഇല്ലാതെ ഓട്ടോ ഡ്രൈവർ കോലഞ്ചേരി സ്വദേശി വല്യത്തുട്ടേൽ ബാബുവിനോട് കടം പറഞ്ഞു പോയ നൂറ് രൂപ ഓട്ടോ കൂലി തിരുവനന്തപുരം സ്വദേശിയായ എസ് ആർ അജിത് 30 വർഷങ്ങൾക്ക് ശേഷം ബാബുവിനെ കണ്ടെത്തി നൂറിരട്ടിയായി തിരികെ നൽകി.

ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. രാത്രിയായതിനാൽ തിരികെ പോകാൻ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. മംഗലത്തുനടയിൽ നിന്ന് 10 കിലോമീറ്റർ ദൂരമുണ്ടു മൂവാറ്റുപുഴയ്ക്ക്.

കഴിഞ്ഞ ദിവസമാണ് ബാബുവിന്‍റെ കോലഞ്ചേരിയിലുള്ള വീട്ടിൽ അപ്രതീക്ഷിതമായി അതിഥി എത്തിയത്. സ്വയം പരിചയപ്പെടുത്തിയെങ്കിലും ബാബുവിന് ആളെ തിരിച്ചറിയാൻ കഴി‍ഞ്ഞില്ല. ഓ‍ർത്തെടുക്കാൻ പാടുപെട്ടെങ്കിലും 1993ൽ മുവാറ്റുപുഴയിൽ ഓട്ടോ ഓടിച്ചിരുന്ന കാലത്ത് കൈയിലെ കാശ് തികയില്ലെന്ന് പറഞ്ഞ് സവാരി കഴിഞ്ഞ് കടം പറഞ്ഞ് പോയ ഒരു ചെറുപ്പക്കാരനെ പിന്നെ ഓർമവന്നു. ഓട്ടോ ഓടിച്ചിരുന്ന കാലത്ത് ഒരുപാട് പേർ കടം പറഞ്ഞ് പോയിട്ടുണ്ട്. ആദ്യമായാണ് ഒരാൾ വർഷങ്ങൾക്ക് ഇപ്പുറം തേടിപിടിച്ച് കാണാൻ എത്തുന്നത്.

ഏറെ നാളത്തെ അന്വേഷണങ്ങൾക്കു ശേഷമാണു ഓട്ടോ ഡ്രൈവർ ബാബുവിനെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം നൽകാൻ വൈകിയതെന്നും അജിത് അറിയിച്ചു. താൻ പൈസ തിരികെത്തരാൻ വന്നതാണെന്നു പറഞ്ഞപ്പോൾ അതൊക്കെ വളരെ പഴയ കാര്യമല്ലേ എന്നായിരുന്നു ബാബുവിന്റെ മറുപടി. എന്നാൽ മകളുടെ വിവാഹമൊക്കെ വരികയല്ലേ അതിന് ഉപകരിക്കുമെന്നും താൻ പോയ ശേഷമേ പൊട്ടിച്ചു നോക്കാവൂ എന്നും പറഞ്ഞ് ഒരു കവർ ബാബുവിനെ ഏൽപിച്ച ശേഷം അജിത് പെട്ടെന്ന് മടങ്ങുകയായിരുന്നു.

ഒരു പരിപാടിക്കിടെ പരിചയപ്പെട്ട കോലഞ്ചേരി സ്വദേശിയാണ് അജിത്തിനെ ബാബുവിന്റെ വീട്ടിലെത്തിച്ചത്. കടമല്ല , ഒരു വലിയ മനസുള്ള മനുഷ്യനോടുള്ള കടപ്പാടാണ് വീട്ടിയതെന്ന് അജിത്ത് പറയുന്നു.കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനാണ് അജിത്