രാജ്യത്തെ ഞെട്ടിക്കുന്ന കൊല ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കൾക്ക് തിന്നാൻ കൊടുത്തു

മുംബൈ: ഒപ്പം താമസിച്ചുവന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 56കാരൻ മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കൾക്ക് വിളമ്പി.മുംബൈ മിറ റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (32)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്ലാറ്റില്‍ ഒരുമിച്ചായിരുന്നു കഴിഞ്ഞുവന്നത്. യുവതിയെ ഫ്ലാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന ഇലക്ട്രിക് കട്ടര്‍ വാങ്ങിയാണ് മൃതദേഹം വെട്ടിനുറുക്കിയത്.മൃതദേഹം വെട്ടിനുറുക്കിയശേഷം ഇവയെല്ലാം പ്രഷര്‍ കുക്കറിലിട്ട് വേവിച്ചതായും ഇതിനുശേഷം ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലേക്ക് മാറ്റിയിരുന്നതായും ഇത് മറ്റൊരിടത്ത് ഉപേക്ഷിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 13 മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മൂന്നു ദിവസമായി മൃതദേഹാവശിഷ്ടങ്ങൾ വേവിച്ച് തെരുവ് നായ്ക്കൾക്ക് കൊടുക്കുകയായിരുന്നു.നാലുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. നയാനഗര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവതിയുടെ കാലുകൾ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതി മനോജ് പൊലീസ് കസ്റ്റഡിയിലാണ്