ആറുവയസുകാരി മകളെ വെട്ടിക്കൊന്ന് ജയിലിൽ പോയി ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാൻ പരിപാടിയിട്ടിരുന്നു

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമായിരുന്നുവെന്ന് പോലീസ്. പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹത്തിൽ നിന്നും പിന്മാറിയ പോലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്.

ശ്രീമഹേഷ് വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്ന് പോലീസ് എഫ്ഐആർ.പ്രതിയെ അഞ്ചുമണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തിയത്. ആറു വയസുകാരി മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശ്രീമഹേഷ് ബഹളം കേട്ടെത്തിയ അമ്മയേയും പുറകെചെന്ന് വെട്ടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മഹേഷിനെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു.

മൂവരെയും കൊല്ലാനുള്ള വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച ശ്രീമഹേഷ് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവെങ്കിലും  കിട്ടിയിരുന്നില്ല.മാവേലിക്കരയില്‍ നിന്നും പ്രത്യേകമായി പറഞ്ഞു നിര്‍മ്മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കട്ടിലിനടിയില്‍ നിന്നും ഈ മഴു പോലീസ് കണ്ടെടുത്തിരുന്നു. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നുവെങ്കിലും ശ്രീമഹേഷിൻറെ സ്വഭാവദൂഷ്യം മനസിലാക്കിയതിനെ തുടർന്ന് വിവാഹത്തില്‍നിന്നും പോലീസ് ഉദ്യോഗസ്ഥ പിന്മാറി. ആ വിവാഹം നടക്കാതിരുന്നത് ശ്രീമഹേഷിന്റെ സ്വാഭാവദൂഷ്യം കാരണത്താല്‍ തന്നെയാണെന്ന് അമ്മയും കുറ്റപ്പെടുത്തി.

ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീമഹേഷിൻറെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സെല്ലിലേക്ക് മാറ്റുന്നതിനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലെത്തിച്ചപ്പോൾ പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് മഹേഷ് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിക്കുകയായിരുന്നു.