തിരുവനന്തപുരം : ജങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പാർട്ടിയാണ് ബിജെപി എന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്നും അതുകൊണ്ട് ബിജെപി വിടുകയാണെന്നും ഭീമന് രഘു.ബിജെപി വിട്ട് സിപിഎമ്മിലേക്ക് മാറുകയാണെന്ന്ഭീമൻ രഘു പറഞ്ഞു.
സംവിധായകൻ രാജസേനനും അടുത്തിടെ ബിജെപി വിട്ട് സിപിഎമ്മില്‍ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്ന് രാജസേനന് പറഞ്ഞിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു ഭീമന് രഘു. പത്തനാപുരത്തുനിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയിരുന്നു. നടനും സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടൻ ജഗദീഷിനുമെതിരെയായിരുന്നു ഭീമൻ രഘു മത്സരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനങ്ങൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൂടെ നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം. തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അന്ന് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാല്‍ പ്രതീക്ഷിച്ച കാര്യങ്ങളല്ല ബിജെപിയില്‍ ചേർന്നതിന് ശേഷം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കുമെന്ന് ഭീമന് രഘു പറഞ്ഞു. പിണറായി വിജയനെ കാണുന്ന അന്നേ ദിവസം സിപിഎം പാർട്ടി ഓഫീസിലെത്തുമെന്നും അവിടെ വച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.