ന്യൂയോര്‍ക്ക്: പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്‌ദാനങ്ങൾ പാലിക്കാനാണ്.കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്നും ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർത്ഥ്യമാകുന്ന പദ്ധതിയാണു കെ റെയിൽ.ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും സില്‍വര്‍ലൈന്‍ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു. സംഘടനയുടെ പേരില്‍ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സർവതല സ്പർശിയായ വികസനമാണു ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തിൽനിന്നു തത്വത്തിൽ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.
സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയില്‍ അമധിഷ്ഠിതവുമായ പൊതുവികസനമാണ് കേരളത്തിനാവശ്യം. ഇതിനായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി