അച്ചടക്കലംഘനം, സ്വഭാവദൂഷ്യം, പോലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: സ്ത്രീയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് പോലീസ്‌കാരനാണെന്നു പറഞ്ഞു വാടകയില്‍ ഇളവ് കൈപ്പറ്റി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പോലീസുകാരന് അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും, അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റലും കാണിച്ച് സസ്‌പെന്‍ഷന്‍.ഗ്രേഡ് ഡി സബ് ഇന്‍സ്‌പെക്ടര്‍ ജയരാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു ഉത്തരവിറക്കി കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്‌പാൽ മീണ.

കഴിഞ്ഞ മെയ് പത്തിന് കോഴിക്കോട് ലിങ്ക് റോഡിലുള്ള പാര്‍ക്ക് ലെയ്ന്‍ റൂംസില്‍ ഒരു സ്ത്രീയോടൊപ്പമെത്തി ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്ഐ ആണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ജയരാജന്‍ മുറിയെടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലായിരുന്നു ജയരാജന്‍ ജോലിചെയ്തിരുന്നത്.

ജയരാജൻ തിരിച്ചറിയല്‍ കാര്‍ഡടക്കം കാണിച്ചാണ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചത്. 2,500 രൂപ ദിവസ വാടകയുള്ള എസി മുറി ഉപയോഗപ്പെടുത്തിയ ശേഷം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയിനത്തില്‍ വിലപേശി 1,000 രൂപയാണ് നല്‍കിയത്.ശേഷം ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ആളല്ലെന്ന് കണ്ടെത്തുകയും പരാതി നൽകുകയുമായിരുന്നു.