കെ സുധാകരനെ ഈ മാസം 23ന് മോൺസൺ കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഈ മാസം 23ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ജനപ്രതിനിധിയായതിനാൽ ഔദ്യോഗിക തിരക്കുണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

കെ സുധാകരനെതിരെ ക്രൈം ബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. പണം നൽകിയെന്ന് പറയുന്ന അന്നേ ദിവസം മോൻസന്റെ വീട്ടിൽ കെ സുധാകരൻ എത്തിയിരുന്നു.2018 നവംബർ 22 ഉച്ചക്ക് 2 മണിക്കാണ് പണം നൽകിയത്. പരാതിക്കാരൻ അനൂപ് മുഹമ്മദ് പണം നൽകിയ ദിവസം മോൻസന്‍റെ വീട്ടിൽ കെ സുധാകരൻ എത്തിയതിൻ്റെ ഡിജിറ്റല്‍ രേഖകള്‍ തെളിവായി നിരത്താനാണ് ക്രൈം ബ്രാഞ്ചിൻ്റെ ശ്രമം.

പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാർ നാളെ ക്രൈം ബ്രാഞ്ചിന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ കൈമാറും. സുധാകരന് പുറമേ മുൻ ഡിഐജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മൺ എന്നിവരോടും ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ട് വൈകാതെ നോട്ടീസ് അയക്കും.