ഡേറ്റിങ് ആപ്പിലൂടെ പരിചയം; ‘അനു’ ക്ഷണിച്ചപ്പോൾ കോലഞ്ചേരിയിലെത്തി: പണം തട്ടി, അറസ്റ്റ്

കൊച്ചി∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം എറണാകുളം പുത്തന്‍കുരിശില്‍ അറസ്റ്റില്‍. രാമമംഗലത്ത് ഒരുമിച്ച് താമസിക്കുന്ന യുവതിയും പങ്കാളിയുമടക്കം മൂന്നുപേരാണ് പിടിയിലായത്. മൂന്നുവര്‍ഷമായി തട്ടിപ്പുനടത്തുന്ന സംഘം നിരവധിപേരെ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാണ് വിവരം.

തൃശൂര്‍ പെരിഞ്ഞനം സ്വദേശി പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, കൊട്ടാരക്കര നെടുവത്തൂർ സ്വദേശി അനൂപ് എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021 മുതല്‍ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിങ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഡേറ്റിങ് ആപ്പിലൂടെ അനു എന്ന് പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിച്ചു. താൻ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെംഗളൂരുവില്‍ കോളജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട് വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരൻ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി.

ഈ സമയം കാറിൽ എത്തിയ രണ്ട് പ്രതികൾ പെണ്‍കുട്ടിക്ക് മെസേജ് അയച്ചതില്‍ പരാതിയുണ്ടെന്നു പറഞ്ഞ് ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് മര്‍ദിക്കുകയും, കമ്പിയും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട് വഴി തട്ടിയെടുക്കുകയും ചെയ്തു. ഭയന്ന് വീട്ടിലെത്തിയ യുവാവ് സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയത്.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലൂടെ വാഹനം തിരിച്ചറിഞ്ഞു. കോട്ടയത്തേക്ക് കടന്ന പ്രതികള്‍ പിന്നാലെയെത്തിയ പൊലീസിനെ വെട്ടിച്ച് തിരികെ കോലഞ്ചേരിയിലെത്തി. അവിടെനിന്ന് രക്ഷപെട്ട പ്രതികളെ രാമമംഗലത്തുനിന്ന് പൊലീസ് പിടികൂടി. സമാനമായി മറ്റൊരു യുവാവിനെ ഭീഷണിപ്പെടുത്തി 19000 രൂപയും സ്വര്‍ണ ചെയിനും തട്ടിയെടുത്തതിനും കേസെടുത്തിട്ടുണ്ട്.