വീട്ടുജോലിക്കാരിയുടെ 17 വയസ്സുകാരി മകളെ പീഡിപ്പിച്ച മോൻസൻ മാവുങ്കലിന് ജീവപര്യന്തം

കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും.വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീ‍ഡിപ്പിച്ച കേസിൽ ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കഴി‍ഞ്ഞ ദിവസം കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്.

2019ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്ത് 2019ൽ വീട്ടുവേലക്കാരിയുടെ മകളായ പതിനേഴുകാരിയെ കലൂരിലെ വീട്ടിൽ വച്ച് ഒന്നിൽ കൂടുതൽ തവണയും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

മോൻസണെ ഭയന്ന് പരാതി നൽകാതിരുന്ന പെൺകുട്ടിയുടെ അമ്മ 2021ൽ മോൻസൺ അറസ്റ്റിലായശേഷമാണ് സിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ പരാതി നൽകിയത്‌. മോൻസണെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന്‌ മൊഴി നൽകിയിരുന്നു. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയും പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയുമാണ്.

കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും എറണാകുളം ജില്ലാ പോക്സോ കോടതി നിരീക്ഷിച്ചു.മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.

പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 അന്യായമായി തടവിൽ പാർപ്പിക്കൽ, ഐപിസി 354 എ സ്ത്രീക്കു നേരായ അതിക്രമം, ഐപിസി 376 ബലാത്സംഗം, ഐപിസി 313 സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ, ഐപിസി 506 ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.