കേരളത്തെ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന സർക്കാരിന്റെ പ്രഖ്യാപനമാണ് പുതിയ രണ്ട് ഐടി പാർക്കുകൾ കൂടി,മുഖ്യമന്ത്രി പിണറായി വിജയൻ

ദുബായ്: സംസ്ഥാനത്ത് പുതിയ രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കുമെന്നും വിവിധ ജില്ലകളെ ബന്ധിപ്പിച്ച് നാല് ഐ ടി കോറിഡോറുകൾ തുടങ്ങുമെന്നും അതിനായുള്ള സ്ഥലമെടുപ്പ് നടന്നു വരികയാണെന്നും ദുബായിൽ കേരള സ്റ്റാർട്ട് അപ് മിഷൻ ആരംഭിക്കുന്ന ഇൻഫിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

ഐടി രംഗത്ത് വളരെ നേരത്തെ തന്നെ ചുവടുവച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇ കെ നായനാർ സർക്കാരുടെ നേതൃത്വത്തിൽ കേരളത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിതമായത്.പിന്നീട് ഇതേ വേഗതയിൽ ഐടി രംഗത്ത് മുന്നോട്ട് പോകുന്നതിന് കേരളത്തിന് സാധിച്ചില്ല.

സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും എൻ ആർ ഐ കമ്യൂണിറ്റിയിലെ സംരംഭക സ്ഥാപകർക്ക് ഒത്തു ചേരുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ. അതിന് പുറമെ, സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഐടി മേഖലയിൽ കേരളത്തിന്റേതായ രീതിയിൽ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇപ്പോൾ നടക്കുന്നത് സാധ്യതകളെ പൂർണമായും വിനിയോഗിക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പറഞ്ഞു